ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും കൃഷി ഭൂമിയും നല്‍കുമെന്ന് യു.പി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
ഈ മാസം 16നുള്ളില്‍ എട്ട് ലക്ഷം രൂപ സഹായധനം നല്‍കണം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീടും സഹോദരങ്ങള്‍ക്ക് ജോലിയും നല്‍കണം, കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആണ് കുടുംബം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.
അതേസമയം, കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.