തലശ്ശേരി: ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയിലെ പ്രമുഖ വിദ്യാലയമായ കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2500 വിദ്യാര്‍ഥികള്‍ രാഷ്ട്രപിതാവിന്റ വ്യത്യസ്തങ്ങളായ മുഖപടങ്ങള്‍ വരകളിലും വര്‍ണ്ണങ്ങളിലും ക്യാന്‍വാസില്‍ ആലേഖനം ചെയ്യും. ഒപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുക്കും.പുതുതലമുറയെ സാന്മാര്‍ഗ്ഗികളാക്കി മാറ്റാനും സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും, ലഹരി വിമുക്തമായ നാടിനെ വാര്‍ത്തെടുക്കാനുമാണ് ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശവുമെന്ന് ‘ നാടിനെ പഠിപ്പിച്ച മഹാത്മാവിനെ ചിത്രഭാഷയില്‍ അനാവരണം ചെയ്യുക വഴി ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന വിശാലമായ ചിത്രശാലയില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണി മുതല്‍ പന്ത്രണ്ടര വരെയുള്ള സമയത്ത് അഭിരുചിക്കനുസരിച്ച് ക്രയോണ്‍സ്, ചാര്‍ക്കോള്‍, സ്‌കെച്ച് പെന്‍, ജലച്ഛായം ഉപയോഗിച്ച് മഹാത്മജിയുടെ മുഖചിത്രങ്ങള്‍ തെളിയും. പ്രശസ്ത ചിത്രകാരന്‍മാരായ കെ.എം ശിവ കൃഷ്ണന്‍, പൊന്ന്യം ചന്ദ്രന്‍ , എ. രവീന്ദ്രന്‍, പൊന്ന്യം സുനില്‍, രാജീവന്‍പാറയില്‍, സന്തോഷ് ചുണ്ട, സുശാന്ത് കല്ലറക്കല്‍, തുടങ്ങിയവര്‍ സോദാഹരണ ചിത്രരചനയിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
കതിരൂര്‍ ഗ്രാമപഞ്ചായത്ത്, പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാനിടയുള്ള ഈ മഹാത്മാ ചിത്രമാമാങ്കം സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള പ്രതിരോധമൊരുക്കുന്നതാണ് ഈ നിറക്കൂട്ട്. ശതാബ്ദിയുടെ നിറദീപ്തിയില്‍ നില്‍ക്കുന്ന സ്‌കൂളില്‍, ഒരു വര്‍ഷം നീളുന്ന പ്രതിമാസ പരിപാടികളുടെ ഭാഗമായാണ് മഹാത്മാ ചിത്രമാമാങ്കമൊരുക്കുന്നത്. ശ്രീജിത്ത് ചോയന്‍, ശ്രീജേഷ് പടന്നക്കണ്ടി, പ്രകാശന്‍ കര്‍ത്താ, എസ്.അനിത, ചന്ദ്രന്‍ കക്കോത്ത്, സുശാന്ത് കൊല്ലറക്കല്‍, കെ.വി പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.