കോഴിക്കോട്: ഗാന്ധി യുഗത്തിലെ കേരളീയരായ ഹിന്ദി പ്രചാരകരുടെ സ്മരണാര്‍ത്ഥം ഭാഷ സമന്വയ വേദി ഏര്‍പെടുത്തിയ ‘ഹിന്ദി സേവി സമ്മാന്‍’ മീഞ്ചന്തയിലെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭാ ഹാളില്‍വച്ച് വിതരണം ചെയ്തു. ഉജ്ജൈനില്‍ നിന്നെത്തിയ പ്രശസ്ത ഹിന്ദി കഥാകൃത്ത് സന്തോഷ് സുപേക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കാന്‍ മഹാത്മജിക്കും ആ കാലഘട്ടത്തിലെ എഴുത്തുകാര്‍ക്കും സാധിച്ചപ്പോഴാണ് പ്രസ്ഥാനത്തിന് ഗതിവേഗം ഉണ്ടായതെന്നും, ഇന്നത്തെ സാഹചര്യത്തില്‍ യുവ തലമുറയ്ക്ക് മനോവികസം ഉണ്ടാകുവാന്‍ പഴയതെല്ലാം കൈവെടിയുകയല്ല വേണ്ടത്, നവീകരണത്തിനും ഗതകാല നന്മകള്‍ സ്വാംശീരിക്കാന്‍ സാധിക്കണമെന്നും സുപേക്കര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാഹിത്യബോധവും വിവര്‍ത്തന പ്രോത്സാഹനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് മഹനീയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷയുടെ പേരില്‍ എങ്ങനെ കലഹിക്കണം എന്നല്ല
എങ്ങനെ ഒരുമിക്കണം എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും ഓരോ ഭാഷയിലെയും വിശിഷ്ട കൃതികള്‍ക്ക് വിവര്‍ത്തനങ്ങള്‍ വരുമ്പോള്‍ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്‌കാരം ഇത്രമേല്‍ മൂല്യവത്താണെന്നു അന്യോന്യമറിയുവന്‍ സാധിക്കുമെന്നും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കൃതികള്‍ക്ക് ഹിന്ദിയില്‍ ഇടം നല്‍കാന്‍ പ്രസാധക സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലമാണ് ഇതെന്നും മുഖ്യപ്രഭാഷണം നടത്തിയ രാജ്കമല്‍ പ്രകാശന്‍, എം.ഡീ അശോക് മഹേശ്വരി അഭിപ്രായപ്പെട്ടു.
ഡോ.അര്‍സു അധ്യക്ഷത വഹിച്ചു. മഹാത്മജിയുടെ ശ്രദ്ധ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് മാത്രമല്ല പതിഞ്ഞതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജനങ്ങള്‍ കാണിക്കേണ്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ രചനാത്മക പ്രവര്‍ത്തനങ്ങളില്‍ പ്രാമുഖ്യം നല്‍കിയിരുന്നുവെന്നും ഡോ.അര്‍സു അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി കുടുംബാംഗങ്ങള്‍ ഹിന്ദി സേവികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഡോ. പുനലൂര്‍ കെ.പ്രഭാകരന്‍, ഡോ. ശാന്തമ്മ, ഡോ. പി.എ രഘുറാം, ഗോപാലന്‍ സി.എസ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. റാം മൂരത്ത് റാഹി, ഡോ. മോഹന്‍ ബൈരഗി, ഡോ. ഓ. വാസവന്‍, വേലായുധന്‍ പള്ളിക്കല്‍, സ്വര്‍ണകുമാരി, ഡോ. എം.കെ പ്രീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.