മാഹി: കേരള നദീ സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും സംയുക്തമായി മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 21മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സംഘടിപ്പിക്കുന്ന നദീ ദ്വൈ-വാരാചരണ പരിപാടികള്‍ക്ക് സംഘടക സമിതി യോഗത്തില്‍ അന്തിമ രൂപം നല്‍കി. മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വിഭാഗവുമായി കൈകോര്‍ത്ത് 21ന് മാഹി വാക്ക്-വേയില്‍ ജനകീയ ശുചീകരണ യജ്ഞത്തോടെ പാരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ആശ്രയ സൊസൈറ്റിയുമായി ചേര്‍ന്ന് മാഹി വാക്ക്-വേയില്‍ വച്ച് യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലായി ‘വരവര്‍ണ്ണപ്പുഴകള്‍’ എന്ന ചിത്ര രചനാ മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
28ന് മയ്യഴിപ്പുഴ ഒഴുകുന്ന 14 പഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലേയും സ്‌കൂളുകളില്‍ മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണത്തിനായി കുട്ടികളുടെ തെരുവ് നാടകം അവതരിപ്പിക്കും.
ഒക്ടോബര്‍ 1,2,3 തിയതികളിലായി പ്രകൃതി സ്‌നേഹ പുസ്തകങ്ങളുടെ പുസ്തകോത്സവം സംഘടിപ്പിക്കും. പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍, വി.ആര്‍ സുധീഷ്, വി.ടി മുരളി, ജയചന്ദ്രന്‍ മൊകേരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഒക്ടോബര്‍ രണ്ടിന് മാഹി മഞ്ചക്കലില്‍ പുഴയൊര നടത്തവും ചിരാത് കയ്യിലേന്തി ‘തെളിനീര്‍ ചങ്ങല’ തീര്‍ത്ത് നദീ പ്രതിജ്ഞയെടുക്കും. ഒക്ടോബര്‍ മൂന്നിന് നദീ പ്രഭാത വന്ദനവും തുടര്‍ന്ന് നദി സംരക്ഷണ പോരാളികളുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തും.
മയ്യഴിപ്പുഴ മാലിന്യമുക്തമാക്കാനുള്ള അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ‘ഹരിത ക്ലാസ്മുറികളിലൂടെ ഹരിതഭവനം’ സമഗ്ര പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ സാന്നിധ്യത്തില്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. വരാചാരണ പരിപാടികളുടെ സമാപന ഉദ്ഘാടനം പോണ്ടിച്ചേരി ലഫ്. ഗവര്‍ണ്ണര്‍ തമിളസൈ സൗന്ദരരാജന്‍ നിര്‍വഹിക്കും.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷത വഹിച്ച യോഗം ഡോ. കെ.മധുസൂദനന്‍ കരിയാട് ഉദ്ഘാടനം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ സി.കെ രാജലക്ഷ്മി സ്വാഗതവും ട്രഷറര്‍ ദേവദാസ് മത്തത്ത് നന്ദിയും പറഞ്ഞു. കെ.കെ ഭരതന്‍, പി.കെ രാജന്‍ കരിയാട്, സുലോചന കെ.ഇ, ഡോ.ദിലീപ്.പി കോട്ടേമ്പ്രം, അനൂപ് സി.എച്ച്, ഷഹനാസ് സംസാരിച്ചു.