കോഴിക്കോട്: ഓസോണ്‍ പാളി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഹീറ്റിങ് വെന്റിലേഷന്‍ എയര്‍കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്റെ (എച്ച്.വി.എ.സി.ആര്‍ ) ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി.
കോര്‍പറേഷന്‍ ഓഫിസിന് സമീപം നടന്ന പരിപാടിയി സിറ്റി ട്രാഫിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ എല്‍. സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ലോകം നമുക്ക് മാത്രമുള്ളതല്ല ഭാവി തലമുറയ്ക്കും കൂടിയുള്ള തെന്ന ബോധം ഇത്തരം ദിനാചരണങ്ങളിലൂടെ കൈമാറാനാകുമെന്ന് സുരേഷ് ബാബു അഭിപ്രായപെട്ടു.
ജില്ലാ പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് റോയല്‍, ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് , താലൂക്ക് പ്രസിഡന്റ് കെ.ബിനേഷ്, താലൂക്ക് സെക്രട്ടറി എം.മിഥുന്‍, താലൂക്ക് ട്രഷറര്‍ കെ.അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഫ്രിജറേറ്ററുകളില്‍ അടങ്ങിയിരിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ ഓസോണ്‍ പാളികളെ നശിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം റഫ്രിജറേറ്ററുകളെ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദപരമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ബോധവല്‍ക്കരത്തിന്റെ ഭാഗമായാണ് സംഘടന ഓസോണ്‍ ദിനാചരണം നടത്തുന്നതെന്ന് സംസ്ഥാന സമിതി അംഗം എം.ഗീരീഷ് പറഞ്ഞു.