കോഴിക്കോട്: കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജനബോധന്‍ ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് എലത്തൂര്‍ മണ്ഡലത്തില്‍ സ്വീകരണം നല്കി. തലക്കുളത്തൂര്‍ സി.എം.എം ഹൈസ്കൂള്‍ വേദിയില്‍ നടന്ന സ്വീകരണ യോഗം ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലഹരി വ്യാപാനത്തെ നേരിടാന്‍ അധികൃതരും അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം സര്‍ക്കാര്‍ മദ്യവ്യാപനത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശ്രയ സങ്കേതം എലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം ചെയര്മാന് ഡോ.പി.ശ്രീമാനുണ്ണി അധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.എം രവീന്ദ്രന്, ചന്ദ്രന് കടെക്കനാരി, പൊയിലില്‍ കൃഷ്ണന്, ഷൈലജ വേലായുധന്, പി.രവീന്ദ്രന്, കെ. രാജ ലക്ഷമി, പ്രൊഫ. ഒ.ജെ ചിന്നമ്മ, ഹന്ന ഫാത്തിമ, പി.പി യൂസഫ്, എം.ശശിധരന് , കെ.ടി സന്തോഷ്, അബു അന്നശ്ശേരി, കോ-ഓര്‍ഡിനേറ്റര്‍ കെ.അസൈനാര്‍, സി.എം ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ പി.വി.എസ് സ്കൂളില്‍ നടന്ന സ്വീകരണം ലേക്ക്ഷോര്‍ മെഡിക്കല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. ടി.പി മെഹ്റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് കലയപുരം ജോസിന്റെ നേതൃത്തിലാണ് യാത്ര നടക്കുന്നത്. 20 ഓളം കലാകാരന്മാര് നയിക്കുന്ന വിവിധ ബോധവല്‍ക്കരണ കലാപരിപാടികളും ഉള്‍പ്പെടുത്തി ലോക ലഹരി വിരുദ്ധദിനമായ ജൂണ്‍ 26ന് ആരംഭിച്ച സന്ദേശ യാത്ര ഒക്ടോബര്‍ രണ്ടിന് കാസര്‍കോട് സമാപിക്കും.