കോടഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ഡ്തല വിവരശേഖരണം, ക്യൂ ആര്‍ കോഡ് പതിക്കല്‍ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വ്വഹിച്ചു. ഖരമാലിന്യ സംസ്‌കരണ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ കോഡ് പതിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ സേനാംഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പുവരുത്തും. ശേഖരിക്കുന്ന മാലിന്യങ്ങളുടെ തരംതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാനും മേല്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും മോണിറ്റിങ് സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ അധ്യക്ഷതത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിയാന സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചിന്ന അശോകന്‍, വാസുദേവന്‍ ഞാറ്റുകാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.