കെ.പി.സി.സി സംഘടനാ തിരഞ്ഞെടുപ്പ് ഇന്ന്; കെ. സുധാകരന്‍ തുടരും

കെ.പി.സി.സി സംഘടനാ തിരഞ്ഞെടുപ്പ് ഇന്ന്; കെ. സുധാകരന്‍ തുടരും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയോഗം ഇന്ന് നടക്കും. രാവിലെ 11-ന് ഇന്ദിരാഭവനിലാണ് നടപടികള്‍. പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാല്‍ കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിക്കും. പ്രഖ്യാപനം ഹൈക്കമാന്‍ഡാകും നടത്തുക.
285 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയില്‍ 77 പേരാണ് പുതുമുഖങ്ങള്‍. ഗ്രൂപ്പ് നോമിനികളെ ചേര്‍ത്ത് പുതുക്കിയ അംഗത്വ പട്ടികയില്‍ പരാതി ബാക്കിയുണ്ടെങ്കില്‍ പുറത്ത് വരുന്നത് ഒഴിവാക്കാന്‍ പട്ടിക ഔദ്യോഗികമായി നേതൃത്വം പുറത്തുവിട്ടില്ല.

എ.ഐ.സി.സി തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, ഈ സ്ഥാനത്തേക്കെല്ലാം നാമനിര്‍ദേശം നടന്നതാണ്. നിലവിലെ ഭാരവാഹികള്‍ക്കെതിരേ പൊതുയോഗത്തില്‍ എതിര്‍പ്പുണ്ടാകാനിടയില്ല. അതുകൊണ്ട് മത്സരത്തിനും സാധ്യതയില്ല.
ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതൃത്വം പട്ടിക പുറത്ത് വിടേണ്ട എന്ന തന്ത്രപരമായ തീരുമാനം എടുത്തത്. കെ.പി.സി.സി നേതൃത്വം വ്യക്തിപരമായി തിരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *