പാലക്കാട്: മധു കൊലക്കേസില്‍ വിചാരണയ്ക്കിടെ 29ാം സാക്ഷിയും 31ാം സാക്ഷിയും കൂറുമാറി. കോടതിയില്‍വച്ച് മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോ ദൃശ്യം പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് വ്യക്തമായി കാണുന്നില്ലായെന്ന പറഞ്ഞാണ് 29ാം സാക്ഷി സുനില്‍കുമാര്‍ കൂറുമാറിയത്. വീഡിയോയില്‍ സാക്ഷിയും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ നിര്‍ദേശിച്ചു.
മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നും കള്ളനെന്ന് പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ എടുത്തുവെന്നുമായിരുന്നു ഇയാള്‍ നേരത്തെ പോലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. കേസിലെ 31ാം സാക്ഷിയായ ദീപുവും ഇന്ന് കൂറുമാറി. ഇതോടെ ഇതുവരെ ഈ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനാറായി. അതേസമയം രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്. 25ാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് 26ാം സാക്ഷിയാണ്.