കോഴിക്കോട്: കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ 17,18 തിയതികളില്‍ നടക്കും. കോഴിക്കോട് നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടി 17 ന് രാവിലെ 10.30 ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കാനത്തില്‍ ജമീല എം.എല്‍.എ, ഡോ. മിനി പ്രസാദ്, ഡോ. കെ.പി സുധീര, ജാനമ്മ കുഞ്ഞുണ്ണി, കെ.പി മോഹനന്‍, ബി.എം സുഹറ, രാഹുല്‍ മണപ്പാട്ട്, എ.എസ് ലൈല എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 5.30ന് കൊയിലാണ്ടി അരങ്ങ് അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദ്യശ്യാവിഷ്‌ക്കാരവും നടക്കും. 18 ന് നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെ കുറിച്ചുള്ള ലഘുവീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയം- ചരിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഗൃഹസന്ദര്‍ശനവും ആദരിക്കലും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സന്ദര്‍ശനവും നടക്കും.