നാദാപുരം: ഗ്രാമപഞ്ചായത്തില്‍ വിവിധ തലങ്ങളില്‍ പരിശോധന നടത്തിയതിന്റേയും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തിയതിന്റേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ 27 അതിദരിദ്രരുടെ സമഗ്ര ഉന്നമനത്തിനായി സൂക്ഷ്മ തല പദ്ധതി ഭരണസമിതി അംഗീകരിച്ചു. അതിദരിദ്രരില്‍ 10 പേര്‍ക്ക് സ്ഥിരം ഭക്ഷണം ആവശ്യമുള്ളവരും രണ്ട് പേര്‍ റേഷന്‍ കാര്‍ഡ് ആവശ്യമുള്ളവരും 10 പേര്‍ക്ക് തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് ആവശ്യമുള്ളവരും അഞ്ച് പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന് അപേക്ഷിക്കേണ്ടവരുമാണ്.
ആരോഗ്യ സുരക്ഷ പരിരക്ഷ ആറ് പേര്‍ക്ക് ആവശ്യമുണ്ട്. ഡോക്ടറുടെ സേവനവും നിത്യേനയുള്ള മരുന്നും 23 പേര്‍ക്ക് ആവശ്യമുണ്ട്. ജീവനോപാധി സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഏഴ് പേരുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ വഴി എത്തിക്കാനും വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തുവാനും മറ്റ് ആവശ്യങ്ങള്‍ മുകള്‍ത്തട്ട് നിര്‍ദേശമായി ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന് കൈമാറുവാനും വിശദമായ പ്രൊപോസല്‍ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുവാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, എം.സി സുബൈര്‍ സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് മെമ്പര്‍മാര്‍, വികസന സമിതി കണ്‍വീനര്‍മാര്‍ കുടുംബശ്രീ സി.ഡി. എസ് മെമ്പര്‍മാര്‍ എന്നിവരുടെ കൂടിയിരിപ്പും പഞ്ചായത്തില്‍ വച്ച് നടന്നു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.