ദേശീയ ചിത്രരചനാ മത്സരം ഒന്നാംഘട്ടം 17ന്

ദേശീയ ചിത്രരചനാ മത്സരം ഒന്നാംഘട്ടം 17ന്

കോഴിക്കോട്: ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഒന്നാംഘട്ടമായ ജില്ലാമത്സരം 17ന് രാവിലെ 10 മണിക്ക് മാനാഞ്ചിറ ഗവ.ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കും. 5-9, 10-16 എന്നീ പ്രായപരിധികാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5-10, 11-18 ആണ് പ്രായപരിധി. കുട്ടികള്‍ നിശ്ചിത സമയത്ത് നേരിട്ടെത്തി ചിത്രരചനയില്‍ പങ്കെടുക്കേണ്ടതാണ്. രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും.

രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പാസ്റ്റല്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജനന തീയതി തെളിയിക്കുന്ന രേഖ, 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളും കൊണ്ടുവരണം. ജില്ലാതലത്തില്‍ ഓരോ വിഭാഗത്തിലേയും മികച്ച മൂന്ന് രചനകള്‍ക്ക് പ്രശസ്തി പത്രം, മൊമന്റോ എന്നിവയും ദേശീയതലത്തില്‍ സമ്മാനിതരാവുന്നവര്‍ക്ക ്ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, പ്രോത്സാഹന സമ്മാനം എന്നിവയും നല്‍കും.

ജില്ലാതലത്തിലെ ഓരോ ഗ്രൂപ്പിലേയും സമ്മാനര്‍ഹമായ രചനകളാണ് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ ഗൂഗിള്‍ ഫോം മുഖേനയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ശിശുക്ഷേമ സമിതി ജില്ലാസെക്രട്ടറി വി.ടി സുരേഷ് അറിയിച്ചു.  വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജോയന്റ് സെക്രട്ടറി മീര ദര്‍ശക്, ട്രഷറര്‍ കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *