പനജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയില്‍ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എം.എല്‍.എമാരാണ് ബി.ജെ.പിയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരു മാനിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെയുള്ളവരാണ് ബി.ജെ.പിയിലേക്കെത്തിയത്. ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എം.എല്‍.എമാരാണ് ഉള്ളത്. മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ അയോഗ്യത നടപടി ഉണ്ടാകില്ലായെന്നാണ് ലഭിക്കുന്ന സൂചന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച വിവരം അറിയിച്ചത്. ഇതിനു പിന്നാലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കാണുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.