കോഴിക്കോട്: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനംവകുപ്പ് മന്ത്രിയുമായ എന്‍. എം.ജോസഫ് (79) നീണ്ടുക്കുന്നേലിന്റെ നിര്യാണത്തില്‍ ജനതാ ട്രേഡ് യൂണിയന്‍ സെന്റര്‍ (ജെ.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഗതി നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു എന്‍.എം. ജോസഫ്.
നായനാര്‍ മന്ത്രിസഭയിലെ അംഗമെന്ന നിലക്ക് താന്‍ നേരിട്ടറിഞ്ഞ വനം വകുപ്പിലെ അഴിമതി, ആദിവാസി സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍, വനവല്‍ക്കരണത്തിന്റെ പേരില്‍ വനം മന്ത്രാലയത്തിന്റെ ഫണ്ട് തട്ടിയെടുക്കുന്നവര്‍, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ പുനരുജ്ജീവന ശ്രമങ്ങള്‍, മീനച്ചില്‍ നദീതട പദ്ധതികള്‍ തുടങ്ങിയവയെപ്പറ്റിയൊക്കെ അദ്ദേഹം തന്റെ ആത്മകഥയായ അറിയപ്പെടാത്ത ഏടുകള്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 1977-ല്‍ ജനതാ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.
1987-91ല്‍ നാലു വര്‍ഷം വനംവകുപ്പ് മന്ത്രിയായിരുന്നു. ജനതാദള്‍ (എസ്) ദേശീയ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.കെ കബീര്‍ സലാല ആധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍കല്ലിടുക്കില്‍, പി.എം മുസമ്മില്‍ പുതിയറ, സി.എസ് സന്തോഷ് കുമാര്‍, മിനി സജി, എ.വി.അബ്ദുള്‍ ഗഫൂര്‍, വി. ഷൗക്കത്ത് അമീന്‍, കെ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.