കോഴിക്കോട്: ജില്ലയിലെ ദേശീയപാത നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പുര്‍ത്തീകരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഗതാഗതസ്തംഭനം നീക്കണം. പാത നവീകരണത്തിന്റെ പേരില്‍ മാസങ്ങളായി പ്രധാന ഗതാഗത മാര്‍ഗം തടസ്സപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ബൃഹത് പദ്ധതി ഒച്ചിഴയുന്ന വേഗതയിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
കൈ വിരലില്‍ എണ്ണാവുന്ന അത്രയും തൊഴിലാളികളെ കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കുന്ന കരാര്‍കമ്പനി ജനങ്ങളെ പരിഹസിക്കുകയാണ്. ഓണാഘോഷ വേളയില്‍ മണിക്കൂറുകള്‍ യാത്ര ചെയതാണ് വടകര-കോഴിക്കോട് ദൂരം ജനങ്ങള്‍ താണ്ടിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ കലക്ടര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ആര്‍ സുനില്‍ സിംഗ് അധ്യക്ഷത വഹിച്ചു. മൂസ പന്തീരങ്കാവ്, ശ്രീകുമാര്‍ നിയതി , നിഷാന്ത് കൊടമന , വിജയന്‍ ആലപ്രത്ത്, പി.എം കരുണാകരന്‍, ജലീല്‍ കുറ്റിച്ചിറ, സി.ഇ.വി ഗഫൂര്‍ , കെ.മജീദ്, അബ്ദുള്ള കുമരനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.