കോഴിക്കോട്: ബഹിരാകാശവാരത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കുള് വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശശാസ്ത്രത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനായി ‘തിങ്ക് ഫോര്‍ എ ബെറ്റെര്‍ ടുമോറോ’ ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി ‘പെയിന്റ് ദ് കോസ്മോസ്’ ചിത്രരചനാ മത്സരം,’അസ്ട്രോഫയല്‍’ സ്പേസ് ക്വിസ് എന്നിവയാണു മത്സരങ്ങള്‍. എട്ടു മുതല്‍ പ്ലസ്ടു വരെ ക്ലാസുകാര്‍ക്ക് ഒറ്റ വിഭാഗമായാണു മത്സരങ്ങള്‍. ഇവയിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
‘പെയിന്റ് ദ് കോസ്മോസ്’, ‘തിങ്ക് ഫോര്‍ എ ബെറ്റെര്‍ ടുമോറോ’ എന്നീ മത്സരങ്ങള്‍ക്ക് ഒരു സ്കൂളില്‍നിന്ന് ഒരു വിദ്യാര്‍ഥിക്കാണ് പങ്കെടുക്കാന്‍ അവസരം. വിദ്യാലയങ്ങള്‍ വഴി മാത്രമാണ് രജിസ്ട്രേഷന്. സെപ്റ്റംബര്‍ അവസാനവാരത്തോടെ ഇവയുടെ രജിസ്ട്രേഷന് അവസാനിക്കും. സ്പേസ് ക്വിസിനു വിദ്യാര്‍ഥികള്‍ക്ക് നേരിട്ടു രജിസ്റ്റര്‍ ചെയ്യാം. സെപ്റ്റംബര്‍ 25 ആണ് അവസാനതീയതി.
കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്രനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എല്‍ സ്പേസ് ക്ലബ്ബാണ് പരിപാടിയുടെ സംഘാടകര്‍. യു.എല്‍ സ്പേസ് ക്ലബിന്റെ ആറാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിന്റെ ഭാഗമായാണു മത്സരങ്ങള്‍. യു.എല്‍ സ്പേസ് ക്ലബ്ബിന്റെ www.ulspaceclub.in എന്ന വെബ്സൈറ്റിലൂടെയാണു രജിസ്ട്രേഷന്. കൂടുതല്‍ വിവരങ്ങളും അവിടെ ലഭിക്കും.
ബഹിരാകാശവിഷയങ്ങള്‍, സ്റ്റെം വിഷയങ്ങള്‍ (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്ങ് ആന്‍ഡ് മാത്തമാറ്റിക്സ് – STEM) എന്നിവയില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികളും യു.എല്‍ സ്പേസ് ക്ലബ് നടത്തുന്നുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണു പരിപാടികള്‍.
മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുക എന്ന സന്ദേശത്തോടെ അന്താരാഷ്ട്രതലത്തില്‍ ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണ് ലോകബഹിരാകാശവാരം ആഘോഷിക്കുന്നത്. ഇതേ ദിവസങ്ങളിലാണ് സ്പേസ് ക്ലബിന്റെയും ആഘോഷം. ആദ്യത്തെ മനുഷ്യനിര്‍മിത ഉപഗ്രഹമായ സ്പുട്നിക്-1 1957 ഒക്ടോബര്‍ നാലിനു വിക്ഷേപിച്ചതിന്റെയും 1967 ഒക്ടോബര്‍ 10 ന് ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചതിന്റെയും ഓര്‍മയ്ക്കാണ് ബഹിരാകാശവാരം ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ബഹിരാകാശവാരത്തിന്റെ സന്ദേശം ‘ബഹിരാകാശവും സുസ്ഥിരതയും’ എന്നാണ്.
ഐ.എസ്.ആര്.ഒ മുന്‍ ഡയരക്ടര്‍ ഇ.കെ കുട്ടിയുടെ നേതൃത്വത്തില്‍ 2016ല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സേവനവിഭാഗമായ യു.എല്‍ ഫൗണ്ടേഷന് സ്ഥാപിച്ചതാണ് യു.എല്‍ സ്പേസ് ക്ലബ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പേസ് ക്യാമ്പുകള്‍, വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍, വെബിനാറുകള്‍, ഇസ്രോ(ISRO)യിലേക്ക് പഠനയാത്രകള്‍ തുടങ്ങി നിരവധി പരിപാടികള്‍ യുഎല്‍ സ്പേസ് ക്ലബ് നടത്തുന്നുണ്ട്. ‘സ്റ്റെല്ലാര്‍ ക്രോണിക്കിള്‍’ എന്ന ഇ മാഗസിന് പ്രസിദ്ധീകരിക്കുന്നുണ്ട്. സ്കൈ സഫാരി എന്ന അമച്വര്‍ വാനനിരീക്ഷണകൂട്ടായ്മയുമുണ്ട്.
സ്പേസ്, സ്റ്റെം എന്നീ മേഖലകളില്‍ ഊന്നിയാണ് സ്പേസ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഐ.എസ്.ആര്.ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജയറാം, ബാലുശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഷജില്‍ യു.കെ, വാഗ്ഭടനന്ദ എജ്യുപ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി. ദാമോദരന്‍, തുടങ്ങിയ അധ്യാപകരും വിദ്യാര്‍ഥികളും ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.