തൃശ്ശൂര്‍: ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ ഇരു കരകളിലുമാണ് കാറ്റ് ആഞ്ഞുവീശിയത്. കാറ്റില്‍ വീടുകളുടെ ഷീറ്റ് മറിഞ്ഞ് വീണു. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്.
വീടുകള്‍ക്കും കൃഷി്ക്കുമാണ് വലിയ നാശനഷ്ടം സംഭവിച്ചത്. കെ.എസ്.ഇ.ബി, റവന്യൂ വകുപ്പ്, രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളിലേക്കും വാഹനങ്ങളിലേക്കും ഒടിഞ്ഞുവീണ മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കൃഷി നാശം രേഖപ്പെടുത്തുന്നുണ്ട്.
മിന്നല്‍ ചുഴലികള്‍ തൃശൂര്‍ മേഖലയില്‍ ഇപ്പോള്‍ സാധാരണമാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുളളില്‍ 10 ഓളം മിന്നല്‍ ചുഴലികളാണ് ഇവിടെയുണ്ടായത്. കേരളത്തിന് വീണ്ടും ഭീഷണിയായി ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും രൂപപ്പെടുന്നതിനിടെയാണ് ചുഴലിക്കാറ്റ്. കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാത ചുഴി നിലനില്‍ക്കുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കേരളത്തില്‍ കഴിഞ്ഞ നാല് ദിവസമായി മഴ തുടരുകയാണ്.