കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ അധ്യാപനം യന്ത്രങ്ങളെ ഏല്‍പ്പിച്ചപ്പോള്‍ വിദ്യാര്‍ഥി മനസ്സുകളില്‍ സത്യധര്‍മസദ്ഭാവങ്ങള്‍ സൃഷ്ടിക്കുവാന്‍ അധ്യപര്‍ക്കോ, പാഠഭാഗങ്ങള്‍ക്കോ സാധിക്കാത്ത അവസ്ഥവന്നു. ബുദ്ധിവികാസത്തിന്റെ തട്ട് താഴ്ന്നും ഹൃദയ വികാസത്തിന്റെ തട്ട് ഉയര്‍ന്നും നില്‍ക്കുന്ന സ്ഥിതിയില്‍ മാറ്റം വരണമെങ്കില്‍ നൈപുണികള്‍ക്കും മൂല്യങ്ങള്‍ക്കും തുല്യസ്ഥാനം ലഭിക്കണമെന്ന് ഡോ.ആര്‍സു അഭിപ്രായപ്പെട്ടു. ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണയില്‍ ഭക്ഷാസമന്വയ വേദി രാമനാട്ടുകരയില്‍ സംഘടിപ്പിച്ച ദേശീയ അധ്യാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.സി.സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഡോ.ഗോപി പുതുക്കോട് അനുസ്മരന്ന പ്രഭാഷണം നടത്തി. അധ്യാപനം ഒരു തൊഴില്‍ എന്നതിലുപരി സാംസ്‌കാരിക ഉള്‍ക്കാഴ്ച ലഭിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന മനോവികാസ പ്രക്രിയയാണെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ‘അധ്യാപന ജീവിതത്തിലെ ദീപ്ത സ്മരണകള്‍ ‘എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സദാനന്ദന്‍ കെ.കെ , വേലായുധന്‍ പള്ളിക്കല്‍, ഡോ.ശ്രീജ പ്രമോദ് , ഡോ. എം.കെ പ്രീത, രജനി ആരങ്ങത്ത് , ഗിരിജ. ടി.എം, കാളിദാസന്‍.പി എന്നിവര്‍ പങ്കെടുത്തു. മധു പെരുമ്പില്‍ സ്വാഗതവും വേണുഗോപാലന്‍ കെ.എം. നന്ദിയും പറഞ്ഞു.