കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജു ബന്ധുവെന്ന് പോലിസ്. കുട്ടിയു ടെ കുടുംബം കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടിയെ കടത്തുന്നതിനായി ഒരു ലക്ഷം രൂപയാണ് ബിജു ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്. കുട്ടിയെ തമിഴ്‌നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പാറശ്ശാലയില്‍ നിന്നാണ് പോലിസ് ബിജുവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച സഹോദരിയേയും അയല്‍വാസിയേയും സംഘം ആക്രമിച്ച് വീഴ്ത്തി. കുട്ടിയെ കൊണ്ടുപോയതിന്പിന്നാലെ കുടുംബം പോലിസിനെ സമീപിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം നേരം പോലിസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ രാത്രി പതിനൊന്നരയോടെ പാറശാലയില്‍ നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനെ തൊട്ടു മുമ്പ് സംഘം പോലിസിന്റെ മുന്നില്‍പ്പെടുകയായിരുന്നു . ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി.