കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ തീവണ്ടി യാത്രക്കാരുടേയും ജീവനക്കാരുടേയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ആഗസ്റ്റ് 10ന് കോഴിക്കോട് ചേര്‍ന്ന ജനമൈത്രി യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പ്ലാറ്റ്‌ഫോമിലെ നായകളുടെ ചിത്രങ്ങള്‍ സഹിതം പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യം മേലാധികാരികളെ അറിയിക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. എന്നാല്‍ ഇതുവരേയും ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും നായ ശല്യം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എത്രയും വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ അസോസിയേഷന്‍ കേരള റീജന്‍ ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫിസില്‍വച്ച് നടന്ന യോഗത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ ഷെവലിയാര്‍ സി. ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷം സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റ് 21 പേര്‍ മരിച്ചിട്ടും കേരളത്തിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കാത്തത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. ആവശ്യത്തിന് ട്രെയിന്‍ ഇല്ലാത്തതും ഓണത്തിന് വേണ്ടത്ര സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതും വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ബാംഗ്ലൂര്‍ സിറ്റി-കണ്ണൂര്‍ എക്‌സ്പ്രസ് (വഴി- യശ്വന്തപുരം, ഹസ്സന്‍ ) ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടാത്തതും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വൈസ് പ്രസിഡന്റുമാരായ ജോയ് ജോസഫ്. കെ, അഡ്വ. എം.കെ അയ്യപ്പന്‍, കണ്‍വീനര്‍മാരായ ടി.പി വാസു, സണ്‍ഷൈന്‍ ഷോര്‍ണൂര്‍, പി.ഐ അജയന്‍, ഇതര ഭാരവാഹികളായ റിയാസ് നെരോത്ത്, സി.വി. ജോസി, കുന്നോത്ത് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊഫസര്‍ ഫിലിപ്പ് കെ. ആന്റണി സ്വാഗതവും, സി.സി. മനോജ് നന്ദിയുടെ രേഖപ്പെടുത്തി.