കോഴിക്കോട്: തുല്യത എന്ന് അര്‍ത്ഥംവരുന്ന ‘ഇക്വലിറ്റി’ എന്ന പദം എല്ലാറ്റിനുമുള്ള ലൈസന്‍സ് അല്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആണ്‍ – പെണ്‍ തുല്യതയുടെ പേരില്‍ സകല ആഭാസങ്ങളുമാകാമെന്ന ചിന്ത പരത്തുകയാണ് ചിലരുടെ ലക്ഷ്യം. ഇത് ദുരുദ്ദേശപരമാണ്. ധാര്‍മിക- സദാചാരമൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളീയ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എല്ലാവരും വലിയ പങ്കുവഹിച്ചു. വിദ്യാഭ്യാസ രംഗത്തെ ഈഗതിവേഗത്തില്‍ മുസ്ലിം ലീഗിനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ സാധിച്ചു. രാജ്യത്തെ മത ന്യൂനപക്ഷത്തിന്റെ അഭിമാന അടയാളങ്ങള്‍ തല്ലിതകര്‍ക്കാന്‍ ശ്രമം നടക്കുന്നു.
മദ്‌റസകളെ പൊളിക്കാനുള്ള ആസൂത്രണം ഇതിന്റെ ഭാഗമാണ്. ദേശീയ തലത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന മദ്‌റസ സര്‍വേ, മദ്‌റസകള്‍ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഹമ്മദ് ബഷീര്‍ എം.പി ചൂണ്ടിക്കാട്ടി. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്ന് കരുതിയ ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച പലരെയും ആസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് തീവ്രവാദം ഉള്‍പ്പെടെ ആരോപിച്ച് ഇസ്ലാമിന്റെ വേരറുക്കാന്‍ ശ്രമം നടത്തുന്നത്. നിരീശ്വരത്വത്തിന്റെയും ഫാസിസത്തിന്റെയും ഇത്തരം ഒളിഅജണ്ട തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡ് മീറ്റ് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ: പി.പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ: ഹുസൈന്‍ മടവൂര്‍, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ടി. അബൂബക്കര്‍ നന്മണ്ട, എം.ടി അബ്ദുസമദ് സുല്ലമി, ടി. അബ്ദുല്‍ അസീസ്, അമീന്‍ അസ്‌ലഹ് ചെങ്ങര, അഫ്‌സല്‍ മടവൂര്‍, ഹംസ പുല്ലങ്കോട് പ്രസംഗിച്ചു.