കുട്ടികളുമായി ഓണ ഓര്‍മ്മകള്‍ പങ്കുവച്ചു
നാദാപുരം: ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി നാദാപുരത്ത് മുത്തശ്ശിമാര്‍ ഒത്തുകൂടി, ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച മുത്തശ്ശിയോടൊപ്പം ഓണസ്മൃതി പരിപാടിയാണ് നവ്യാനുഭവങ്ങളുടെ വേറിട്ട ഒരു പരിപാടിയായി മാറിയത്. 15 മുത്തശ്ശിമാര്‍ ആണ് ഗ്രാമപഞ്ചായത്തിലെ മുമ്പിലുള്ള മരച്ചുവട്ടില്‍ ഒത്തുകൂടിയത്. ഒപ്പം ബാലസഭ കുട്ടികളും ചേര്‍ന്ന് ഓണപാട്ടുകള്‍ പാടി പഴയ കാലത്തെ ഓണം ഓര്‍മ്മകള്‍ പങ്കുവച്ചു. അനുഭവസമ്പത്തിന്റെ തീക്ഷ്ണതയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ വരുംതലമുറക്ക് വഴികാട്ടിയാകാന്‍ ഉന്നതമായ പല അനുഭവങ്ങളും മുത്തശ്ശിമാര്‍ കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. പഴയ കാല ഭക്ഷണരീതികള്‍ കളികള്‍, ശുചിത്വ ശീലം, കൃഷി ഓര്‍മ്മകള്‍, അയല്‍പക്ക സൗഹൃദം, ആരോഗ്യശീലം എന്നിവ മുത്തശ്ശിമാര്‍ കുട്ടികളുമായി പങ്കുവച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെംബര്‍മാരായ നിഷ, സുനിത സുമയ്യ പാട്ടത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, വൈസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രി കെ.എം അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, കുടുംബശ്രീ അക്കൗണ്ട് കെ. സിനിഷ എന്നിവര്‍ സംസാരിച്ചു. മുത്തശ്ശിമാര്‍ക്കുള്ള ഓണസമ്മാനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങില്‍വച്ച് നല്‍കി.