തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ സഭ. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും നേതൃത്വത്തില്‍ വൈദികര്‍ ഇന്ന് ഉപവാസമിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വൈദികര്‍ ഉപവാസമിരിക്കുമെന്നാണ് ലത്തീന്‍ സഭ പറയുന്നത്. സമരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമരവേദിയിലെത്തും. മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരില്‍ മാര്‍ച്ചും നടത്തും.
കേരള റീജയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണസിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസനിധി വിതരണം ബഹിഷ്‌കരിക്കുമെന്നും ലത്തീന്‍ സഭ നേതൃത്വം അറിയിച്ചു. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് നിസാര ധനസഹായം നല്‍കി സമരത്തെ ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം, ഇത് അംഗീകരിക്കില്ലെന്നും ലത്തീന്‍ സഭ പറഞ്ഞു.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇന്നലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. സമരസമിതി സര്‍ക്കാരിന് മുമ്പില്‍ വെച്ച ഏഴ് ആവശ്യങ്ങളിലും ഉറച്ചു നില്‍ക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നല്‍കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.