കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഉന്നത് ഭാരത് അഭിയാന്‍ (യു.ബി.എ) സ്‌കീമിന് കീഴില്‍ കുന്ദമംഗലം ഉപജില്ലയിലെ ചാത്തമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ സയന്‍സ് ടിങ്കറിങ് ലബോറട്ടറി സ്ഥാപിച്ചു. NIT കാലിക്കറ്റ് ഡയരക്ടര്‍ പ്രൊഫസര്‍ പ്രസാദ് കൃഷ്ണ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ദൃശ്യാ നുഭവങ്ങള്‍ നല്‍കിക്കൊണ്ട്, ശാസ്ത്ര പഠനം പ്രവര്‍ത്തനാധിഷ്ഠിതവും അനുഭവപരവുമാക്കിക്കൊണ്ട് വിദ്യാ ര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനാണ് ടിങ്കറിങ് ലബോറട്ടറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോവര്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിക്ക് അനുസൃതമായി ശാസ്ത്രം, ഗണിതം, ജീവശാസ്ത്രം എന്നിവയിലെ അടിസ്ഥാന അറിവുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വിവിധ ഉപകരണങ്ങളും ഭൗതിക മാതൃകകളും ലബോറട്ടറിയിലുണ്ട്.
യു.ബി.എ പദ്ധതിയുടെ ഭാഗമായി എന്‍.ഐ.ടി.സിയിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ക്ലാസ് മുറികളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ അനാച്ഛാദനവും ഡയരക്ടര്‍ നിര്‍വഹിച്ചു. കോഴിക്കോട് എന്‍.ഐ.ടി യു.ബി.എ സെല്ലിന്റെ ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് ഡോ. ഷൈനി അനില്‍കുമാര്‍ യു.ബി.എ സ്‌കീമിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. എന്‍.ഐ.ടി.സി സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രജനികാന്ത് ജി.കെ, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷുക്കൂര്‍ കോണിക്കല്‍, വാര്‍ഡ് മെമ്പര്‍ പി.ടി അബ്ദുറഹിമാന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ പോള്‍, പി.ടി.എ പ്രസിഡന്റ് വി.പി രജിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.