തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ജീവനക്കാര്‍ക്കുള്ള മുഴുവന്‍ ശമ്പള കുടിശ്ശികയും നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്. എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുന്‍പായി ശമ്പളം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി രാജ്യത്ത് ഒരിടത്തും നിലവിലില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
അതിനിടെ കെ.എസ്.ആര്‍.ടി.സി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു. കെ.എസ്.ആര്‍.ടി.സിയിലെ 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്. ഇതിനായി 55,87,20713 രൂപയാണ് നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെ.എസ്.ആര്‍.ടി.സിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്.