രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയും, സഭയുടെ അന്തസും അഭിമാനവും സംരക്ഷിക്കും: എ.എന്‍ ഷംസീര്‍

രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയും, സഭയുടെ അന്തസും അഭിമാനവും സംരക്ഷിക്കും: എ.എന്‍ ഷംസീര്‍

കണ്ണൂര്‍: പ്രതിപക്ഷ അംഗങ്ങളുമായി നല്ല ബന്ധമാണെന്നും ഒരു രാഷ്ടിയ പ്രസ്ഥാനത്തിന്റെ ഭാഗമായി വന്നയാളാണ് താനെന്നും രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയേണ്ടി വരുമെന്നും നിയുക്ത സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഭയുടെ അന്തസും അഭിമാനവും കാത്തു സൂക്ഷിക്കലാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷവുമായി സഭയില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമാണ . ഒരു ഭരണപക്ഷ എം.എല്‍.എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്.

ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമാണുള്ളത്. സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണ് തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോള്‍ ശ്രീരാമകൃഷ്ണനും പിന്നീട് എം.ബി.ആറുമായിരുന്നു സ്പീക്കര്‍. ഇരുവരും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടര്‍ച്ച കിട്ടിയത്. അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനം. മന്ത്രിയാകുമെന്ന പ്രചരണമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഏതായാലും കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആത്മാര്‍ഥമായി നിറവേറ്റുമെന്നായിരുന്നു മറുപടി.

Share

Leave a Reply

Your email address will not be published. Required fields are marked *