തലശേരി: ന്യൂമാഹി ഗവ. എല്‍.പി സ്‌കൂള്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന നടപടി സാധാരണ ഗതിയിലായതായി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഏപ്രിലില്‍ ലഭിക്കേണ്ട ശമ്പളം മെയ് അവസാനം കിട്ടിയതിനെതിരേ സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും സമര്‍പ്പിച്ച പരാതിയിലാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ വിശദീകരണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സാങ്കേതിക ജ്ഞാനത്തിലുള്ള പരിമിതിയും സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും വ്യക്തി ബന്ധത്തിലുള്ള വിള്ളലുകളുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെയും മനഃപൂര്‍വം ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശം പ്രധാനാധ്യാപികയ്ക്കു ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.