കോഴിക്കോട്: ഓണക്കലാത്തടക്കം ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കേരള സംസ്ഥാനസിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഓണം മാര്‍ക്കറ്റ് വേങ്ങേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇത്തരം മാര്‍ക്കറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.
സിറ്റികളില്‍ ഉള്ള മാര്‍ക്കറ്റുകളില്‍ എല്ലാവര്‍ക്കും എത്താന്‍ സാധിക്കാത്തതിനാലാണ് സിറ്റിക്ക് പുറത്തും മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഓണമടക്കമുള്ള ആഘോഷാവസരങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്താനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍
സാധാരണക്കാര്‍ക്കടക്കം ലഭ്യമാക്കാനും ഇതുവഴി സാധിക്കും. 20,30 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ ലഭ്യമാവുന്നത്. പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സര്‍ക്കാര്‍ ഉല്‍പ്പാദകന് വിലയുടെ പത്ത് ശതമാനം അധികം നല്‍കി സംഭരിച്ച് ജനങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവിലാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. 400 കോടിയോളം രൂപയാണ് ഓണക്കിറ്റിനടക്കം സര്‍ക്കാര്‍ ചിലവഴിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിക്കുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാവരും ശ്രദ്ധിക്കണം.
‘ഓണത്തിന് ഒരു മുറം പച്ചക്കറി, ഞങ്ങളും കൃഷിയിലേക്ക്’ എന്നീ ക്യാംപയിനുകള്‍ സമൂഹം ഏറ്റെടുത്തിട്ടുണ്ടെന്നും പച്ചക്കറിയിലടക്കം കാര്‍ഷിക ഉല്‍പ്പാദന മേഖലയില്‍ ഈ വര്‍ഷം വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ നിഖില്‍ പി.പി അധ്യക്ഷത വഹിച്ചു. കിഷോര്‍.കെ (സി.പി.എം), കേശവന്‍ പി.എം (സി.പി.ഐ), സജിത്ത് കുമാര്‍ കെ.കെ (ഐ.എന്‍.സി), ഹനീഫ കരിക്കാംകുളം (മുസ്‌ലിം ലീഗ്), യതേന്ദ്രനാഥ്.എം (എന്‍.സി.പി), അനൂപ് കെ. അര്‍ജുന്‍ (ബി.ജെ.പി) ആശംസകള്‍ നേര്‍ന്നു. ഡിപ്പോ മാനേജര്‍ രജനി കെ.കെ സ്വാഗതവും പ്രമോദ്.പി (സിറ്റി റേഷനിങ് ഓഫിസര്‍ കോഴിക്കോട് നോര്‍ത്ത്) നന്ദിയും പറഞ്ഞു.