ജോലി ചെയ്തതിന്റെ കൂലിക്കുവേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ ഡിപ്പോകളില്‍ സമരം നടത്തുന്നത്. അവരുടെ ഓണം കണ്ണീരിലാക്കരുതെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം: തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജോലി ചെയ്തതിന്റെ കൂലിക്കുവേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ ഡിപ്പോകളില്‍ സമരം നടത്തുന്നത്. അവരുടെ ഓണം കണ്ണീരിലാക്കരുതെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി. അതിനെ തകര്‍ക്കരുത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഗതി നിര്‍ണയിക്കുന്ന ചര്‍ച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.