കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ വേണ്ട നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരംമുറി വനംവകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നുവെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച മന്ത്രി, വനംവകുപ്പ് നിര്‍ദേശം ലംഘിച്ചായിരുന്നു നടപടിയെന്നും പ്രതികരിച്ചു. മരം മുറിക്കാന്‍ അനുമതി ഉണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നത് വരെയും മരം മുറിച്ചുമാറ്റരുതെന്ന വനംവകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം തിരൂരങ്ങാടിക്കടുത്തുള്ള വി.കെ പടിക്ക് സമീപം മരങ്ങള്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പ്പെട്ട നീര്‍കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ജെ.സി.ബി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു.