നിയമസഭ കയ്യാങ്കളി കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി

  • ശിവന്‍കുട്ടി ഉള്‍പ്പെടെ ഹാജരാകണം

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വിടുതല്‍ ഹരജിയില്‍ വിധി വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യാനായി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ ഈ മാസം 26 ന് കോടതി വിശദമായ വാദം കേള്‍ക്കും.
പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹരജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹരജികള്‍ തള്ളിയുള്ള സി.ജെ.എമ്മിന്റെ ഉത്തരവ്. ആദ്യം തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരേ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.
മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *