അഭിമാന മുഹൂര്‍ത്തം; ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

അഭിമാന മുഹൂര്‍ത്തം; ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഐ.എന്‍.എസ് വിക്രാന്തിനെ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കിയത്. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

76 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് 15 വര്‍ഷം കൊണ്ടാണ് ആദ്യ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 20,000 കോടി രൂപയാണ് കപ്പലിന്റെ നിര്‍മാണച്ചെലവ്. രാജ്യത്ത് നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ വിമാനവാഹിനികപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്.

1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്. ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരേ സമയം കപ്പലില്‍ നിര്‍ത്തിയിടാം എന്ന സവിശേഷതയും ഐ.എന്‍.എസ് വിക്രാന്തിനുണ്ട്.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഐ.എന്‍.എസ് വിക്രാന്തിന്റെ ഫ്‌ളൈറ്റ് ഡെക്കിന് രണ്ട് ഫുട്ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട്. 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട് കപ്പലിന്. കഴിഞ്ഞ മാസം 28ന് കൊച്ചിന്‍ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പല്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് മാറ്റിയിട്ടില്ലായിരുന്നു. പ്രധാനമന്ത്രി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചതോടെ ഐ.എന്‍.എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.

Share

Leave a Reply

Your email address will not be published. Required fields are marked *