കോഴിക്കോട്: നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി റോട്ടറി ഡിസ്ട്രിക്റ്റ് 3204ന്റെ കാരുണ്യ പദ്ധതി. വേങ്ങേരി കാട്ടില്‍ പറമ്പത്ത് പരേതനായ ടി.എം വേലായുധന്റേയും മീനാക്ഷിയുടേയും മക്കളായ ടി.എം സത്യ ഭാമയ്ക്കും സഹോദരന്‍ ടി.എം ജയരാജിനുമാണ് ക്ലബിന്റെ സാമൂഹ്യ പദ്ധതിയുടെ ഭാഗമായി ഭവനം ഒരുങ്ങുന്നത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട രണ്ട് പേരില്‍ സത്യഭാമ അവിവാഹിതയും ജയരാജ് അസുഖ ബാധിതനുമാണ്. ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും ഉടമസ്ഥതയില്‍ റേഷന്‍ കാര്‍ഡ് ഇല്ലന്ന കാരണത്താല്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. തറവാട് വീട് ഭാഗിച്ചപ്പോള്‍ കിട്ടിയ നാല് സെന്റില്‍ ഷീറ്റ് മറച്ച് കൂര പണിതു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പണിത ഒറ്റമുറി വീട്ടിലാണ് സത്യഭാമയും ജയരാജും ജയരാജിന്റെ ഭാര്യ വി.പി പ്രേമയും ഡിഗ്രി വിദ്യാര്‍ഥിയായ മകന്‍ കെ.പി ഗോവിന്ദും കഴിയുന്നത്.
ഇതിനിടയിലാണ് കൗണ്‍സിലര്‍ ഒ.സദാശിവന്‍ വഴി റോട്ടറി സൗത്ത് ക്ലബുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ. സനന്ദിന്റെ പരേതയായ മാതാവ് എടപടത്തില്‍ ശകുന്തളയുടെ ഓര്‍മയ്ക്കായി ഭവന നിര്‍മാണം റോട്ടറി ക്ലബ് ഏറ്റെടുക്കുകയായിരുന്നു. 520 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറി, അടുക്കള, ശുചിമുറിയും ഉള്‍പ്പെട്ട വീട് രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കി സത്യഭാമയ്ക്കും കുടുംബത്തിനും കൈമാറുമെന്ന് റോട്ടറി സൗത്ത് ഭാരവാഹികള്‍ പറഞ്ഞു. ഭവന നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. വേങ്ങേരി കാട്ടില്‍ പറമ്പത്ത് നടന്ന ചടങ്ങില്‍ റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ.ടി സനന്ദ് രത്‌നം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്റ്റ് ഡോ. സേതു ശിവശങ്കര്‍ മുഖ്യതിഥിയായി , കൗണ്‍സിലര്‍ ഒ.സദാശിവന്‍, ഗ്രീന്‍ സിറ്റി പ്രസിഡന്റ് പി. പത്മപ്രഭ, സാമൂഹ്യ പ്രവര്‍ത്തകന്‍ പി.വിജയ രാഘവന്‍, വി.വത്സല രാജ്, കോണ്‍ഗ്രസ് വേങ്ങേരി മണ്ഡലം പ്രസിഡന്റ് എം.രവീന്ദ്രന്‍ സംസാരിച്ചു. റോട്ടറി സൗത്ത് മുന്‍ പ്രസിഡന്റ് ടി. കെ രാധാകൃഷ്ണന്‍ സ്വാഗതവും കെ.വിശ്വനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു.