നാദാപുരം: സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍, ടീ ഷോപ്പ് ,ബേക്കറി ,ജ്യൂസ് സ്റ്റാള്‍ , കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം പഞ്ചായത്തില്‍ ചേര്‍ന്നു. 30 ഓളം ചോദ്യാവലി അടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് എല്ലാ കടകളിലും പൂര്‍ണമായ ശുചിത്വം ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ജീവനക്കാരുടെ വിവരം, പരിസര ശുചിത്വം, വെള്ളം ടെസ്റ്റ് ചെയ്ത വിവരം, മാലിന്യ സംസ്‌കരണം, മലിനജല സംസ്‌കരണം, പ്ലാസ്റ്റിക് നിരോധനം, പാര്‍സല്‍ നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച വിവരശേഖരണ ഫോറം എല്ലാ കട ഉടമകള്‍ക്കും യോഗത്തില്‍ വച്ച് നല്‍കി. വിവരങ്ങള്‍ പൂരിപ്പിച്ച് മൂന്നു ദിവസത്തിനകം പഞ്ചായത്തില്‍ നല്‍കണം.
15 ദിവസത്തിനുള്ളില്‍ അപാകതകള്‍ പരിഹരിക്കുകയും അതിന് ശേഷം എല്ലാ കടകളും ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചു ശുചിത്വം ഉറപ്പുവരുത്തുന്നതാണ് , വീഴ്ച വരുത്തുന്നവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നതാണ്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.എച്ച്.ആര്‍.എ ഭാരവാഹികളായ അലി ഫുഡ് പാര്‍ക്ക്, അശോകന്‍ വിശ്വഭാരതി, അഷ്‌റഫ് അപ്പപീടിക , അസ്മര്‍ സ്‌പൈസി വില്ലേജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭക്ഷ്യ മേഖലയില്‍ മുന്നൂറോളം സ്ഥാപങ്ങളാണ് നാദാപുരത്ത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്ന സ്‌കൂള്‍ കാന്റീന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ ഒരാഴ്ച സമയം അനുവദിച്ച് അപാകതകള്‍ പരിഹരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി.യു.പി സ്‌കൂള്‍ കല്ലാച്ചി, ജി.യു.പി സ്‌കൂള്‍ നാദാപുരം, പ്രൊവിഡന്‍സ് സ്‌കൂള്‍ കല്ലാച്ചി , നാദാപുരം അല്‍ ഹുദ സ്‌കൂള്‍, വാഫി കോളേജ് നാദാപുരം എന്നിവ സന്ദര്‍ശിച്ച് പാചകപ്പുരകളുടെ ശുചിത്വം പരിശോധിച്ചു.