കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലും ആരംഭിക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും മൂന്നിന് രാവിലെ ഒമ്പത് മണിക്ക് കട്ടാങ്ങല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം എം.എല്‍.എ അഡ്വ. പി.ടി.എ റഹിം അധ്യക്ഷത വഹിക്കും. ചാത്തമംഗലം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതം പറയും. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കെ.എസ്.ആര്‍.ടി.സി അംഗീകൃത യൂണിയന്‍ പ്രതിനിധികള്‍, കക്ഷി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസാണ് ഗ്രാമവണ്ടി പദ്ധതി.ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമം അനുസരിച്ചും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. സ്‌പോണ്‍സണ്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.