കോഴിക്കോട്: കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് അഞ്ച് ശതമാനം ബോണസ് അനുവദിക്കണമെന്ന് കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി മലബാര്‍ മേഖല കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഗുണമേന്മയില്ലാത്ത പാല്‍ നിയന്ത്രിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷം കലര്‍ന്ന പാല്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്ത് കേസെടുക്കാതെ തിരിച്ചയച്ച ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വാങ്ങാനുള്ള മില്‍മയുടെ നീക്കം ഉപേക്ഷിക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വാങ്ങാനുള്ള തീരുമാനം സ്വകാര്യ പാല്‍ ലോബിയെ സഹായിക്കാന്‍ ആണെന്നും യോഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖല പ്രസിഡന്റ് എം.ഓ ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.ഹരിദാസ് കുറുപ്പ് , ഡോ.വേണു , ശാന്റി ജോസഫ് ചേനപ്പടി , മാമുനി വിജയന്‍ , പി.കെ ഉസ്മാന്‍, എം.എം ജോസ് തലക്കണി, ജോസ് പടിഞ്ഞാറെത്തറ, ബേബി തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.