തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) സഹകരിക്കും. യാത്രയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനായി തിരുവനന്തപുരത്ത് എത്തിയ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും എം.പിയുമായ ദിഗ് വിജയ് സിംഗ്, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ജയറാം പ്രകാശ് എന്നിവരുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ ) സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു, ദേശീയ വക്താവ് മനോജ് ടി.സാരംഗ് എന്നിവര്‍ ചര്‍ച്ച നടത്തി. ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ്, ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പാണ്ഡേ അടക്കമുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും.
യാത്ര കടന്നു പോകുന്ന എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണപരിപാടികള്‍ സംഘടിപ്പിക്കും. സോഷ്യലിസ്റ്റ് കൂട്ടായ്മയും ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്നു നടത്തുന്ന വെറുപ്പിനെ അകറ്റൂ ഇന്ത്യയെ ഒന്നിപ്പിക്കൂ ( നഫ്രത് ചോഡോ ഭാരത് ജോഡോ ആന്തോളന്‍ ) പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് സഹകരിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഒക്ടോബര്‍ രണ്ടിന് പദയാത്രകള്‍ നടത്തും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആരംഭിക്കുന്ന ജനകീയ മാര്‍ച്ചുകള്‍ മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്ഘട്ടില്‍ സംഗമിക്കും.