കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതയായിരുന്നു ഫൗസിയ ചികിത്സാര്‍ഥമാണ് ലങ്കയില്‍ താമസമാക്കിയത്.1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ.എസ്.ആര്‍.ഒയുടെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ഇവര്‍ ജയില്‍വാസമനുഭവിച്ചു. പിന്നീട് സി.ബി.ഐ അന്വേഷണത്തിലാണ് ചാരേക്കസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. ശേഷം ഇവര്‍ കുറ്റവിമുക്തയായി. 1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.