കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ വജ്രജൂബിലി വര്‍ഷത്തിന്റെ പരിസമാപ്തി കുറിച്ച് നാളെ സ്ഥാപക ദിനമായി ആഘോഷിക്കും. 1961 സെപ്റ്റംബര്‍ ഒന്നിനാണ് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് (ആര്‍.ഇ.സി) കാലിക്കറ്റ് സ്ഥാപിതമായത്. സ്ഥാപക ദിനം ആഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലെ പ്രിന്‍സിപ്പാള്‍മാരെയും എന്‍.ഐ.ടി.സിയിലെ മുന്‍ ഡയരക്ടര്‍മാരെയും ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിക്കും. പ്രൊഫസര്‍ എസ്. ഉണ്ണികൃഷ്ണ പിള്ള (സി.ആര്‍.ഇ.സി മുന്‍ പ്രിന്‍സിപ്പാള്‍), പ്രൊഫ. എസ്.എസ് ഗോഖലെ, പ്രൊഫ ജി.ആര്‍. സി റെഡ്ഡി, പ്രൊഫ. ശിവാജി ചക്രവര്‍ത്തി (എന്‍.ഐ.ടി.സിയുടെ മുന്‍ ഡയരക്ടര്‍മാര്‍) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എന്‍.ഐ.ടി.സി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ഗജ്ജാല യോഗാനന്ദ് അധ്യക്ഷത വഹിക്കും. ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബി.ജഗദീശ്വര്‍ റാവു ചടങ്ങില്‍ മുഖ്യാതിഥിയാകും. എന്‍.ഐ.ടി.സി ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍.ഐ.ടി.സിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും, ജീവനക്കാരുടെ മക്കളില്‍ ഈ വര്‍ഷം പ്ലസ്ടുവിന് ഉന്നതവി ജയം നേടിയവരേയും അനുമോദിക്കും. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ പ്രൊഫ. പോള്‍ ജോസഫിന് ഹരിത മിത്രം അവാര്‍ഡ് സമ്മാനിക്കും. എന്‍.ഐ.ടി.സിയിലെ ഡീന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഓഫിസാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.