ചാലക്കര പുരുഷു
മാഹി: മാഹി ഉള്‍പ്പടെ പുതുച്ചേരി വൈദ്യുതി വകുപ്പിനെ സ്വകാര്യവല്‍ക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കെ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വൈദ്യുതി ചാര്‍ജി ഈടാക്കുന്നതായി പരാതി. കൂടുതല്‍ വരുമാനം കാണിച്ച് സ്വകാര്യ ഏജന്‍സികളെ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ബില്ല് അടിച്ചേല്പിക്കുന്നത്. പുതുച്ചേരി വൈദ്യുതി റെഗുലേറ്ററി സര്‍ചാര്‍ജ്, ഫിക്സഡ് സര്‍വീസ് ചാര്‍ജ്, ബിലാറ്റഡ് പേയ്മെന്റ് സര്‍ചാര്‍ജ്, തുടങ്ങിയ പേരിലാണ് ഉപഭോക്താവില്‍നിന്നും പണം പിഴിയുന്നത്. നേരത്തെ വൈദ്യുതി ചാര്‍ജിന്റെ കൂടെ റെഗുലേറ്ററി സര് ചാര്‍ജായി നാല് ശതമാനം നല്കേണ്ടന്നതിനു പകരം അഞ്ച് ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഫിക്സഡ് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഗാര്‍ഹിക ഉപഭോക്താവിന് മൊത്തം കണക്റ്റഡ് ലോഡിന് ഒരു കിലോ വാട്ടിന് മാസം 30 രൂപയും വ്യവസായ ഉപഭോക്താവിന് ഒരു കിലോ വാട്ടിനു 70 രൂപയുമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ മുതല്‍ ഈടാക്കികൊണ്ടിരിക്കുന്നത്. ഫിക്സഡ് സര്‍വീസ് ചാര്‍ജ് ഏപ്രില്‍ ഒന്ന് മുതല്‍ വ്യവസായ ആവശ്യങ്ങള്‍ക്കു മാത്രമേ ചുമത്തിയിരുന്നുള്ളൂ. കണക്റ്റഡ് ലോഡിന് ഫിക്സഡ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഒരു വിധത്തിലും ന്യായികരിക്കാന്‍ പറ്റില്ല. ഉപഭോക്താവ് സ്വാഭാവികമായും വീട് നിര്‍മിക്കുമ്പോള്‍, പൂര്‍ണതോതില്‍ വൈദ്യുതീകരണം ചെയ്യുമ്പോള്‍, ഏറ്റവും ചുരുങ്ങിയത് 10 കിലോ വാട്ട് കണക്റ്റ്ഡ് ലോഡെങ്കിലും ഉണ്ടാകും. എന്നാലിത് പൂര്‍ണമായി ഒരിക്കലും ഉപയോഗിക്കുന്നതായിരിക്കില്ല. വീട് മുഴുവനായും വൈദ്യുതീകരിച്ചുവെന്നതിന് എല്ലാ മാസവും കിലോവാട്ടിന് 30 രൂപ നിരക്കിലും 70 രൂപ നിരക്കിലും അടയ്ക്കണം.
ഇതു മിക്കവാറും വൈദ്യുതി ഉപയോഗ നിരക്കിലും ഇരട്ടിയാകും. കുടാതെ വീട്ടില്‍ താമസം ഇല്ലെങ്കില്‍ ഇടക്കാല വൈദ്യുതി വിച്ഛേദം എന്ന രീതിയും ഇപ്പോഴില്ല. ആയതിനാല്‍ താമസമില്ലെങ്കിലും, മിനിമം വൈദ്യുതി ചാര്‍ജും, അതിന്റ പതിന്മടങ്ങ് വരുന്ന ഫിക്സഡ് സര്‍വീസ് ചാര്‍ജും അടച്ചേ മതിയാകൂ. ഇത് ഒഴിവാക്കിയേ പറ്റൂ. ഉപഭോക്തവ് ഉപയോഗികുന്നതിനാണ് ബില്ല് അടക്കേണ്ടത്. ഈ നിലയിലുള്ള വര്‍ധനവ് സ്വകാര്യ വല്‍ക്കരണം നടത്തുന്നതിന്റെ മുന്നൊരുക്കമായി കാണുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കു പല രീതിയിലും ചാര്‍ജ് ഈടാക്കാമെന്ന് കാണിച്ച് സ്വകാര്യ വ്യക്തികളെ ആകര്‍ഷിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിലവില്‍ 100 യൂണിറ്റ് വരെ 1.90 രൂപയും, 101 മുതല്‍ 200 വരെ 2.90 രൂപയും, 201 മുതല്‍ 300വരെ അഞ്ച് രൂപയും 300 യൂണിറ്റിന് മുകകളില്‍ 6.45 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വൈദ്യുതി താരിഫായിരുന്നു മാഹിയിലേത്.