കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ വീണ്ടും കൈയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന അപ്പീലുമായി ഹൈക്കോടതിയിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഹൈക്കോടതി ചില കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സാധാരണ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. 103 കോടി രൂപ സെപ്റ്റംബര്‍ ഒന്നിനകം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനായിരുന്നു ഉത്തരവില്‍ പറഞ്ഞത്. ഇപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലായെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെ.എസ്.ആര്‍.ടി.സി. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.