കോഴിക്കോട്: മലബാറിന്റെ ഐ.ടി വികസനത്തിന് ഊന്നല്‍ നല്‍കുന്ന കാലിക്കറ്റ് ഐ.ടി ഇനീഷ്യേറ്റിവിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് കേന്ദ്ര ഐ.ടി-സ്‌കില്‍-ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സാഹചര്യത്തില്‍ ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും തളര്‍ന്നിട്ടും ഇന്ത്യന്‍ സാമ്പത്തിക രംഗവും വ്യാവസായിക വളര്‍ച്ചയും ലോകത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. ഇതിന് അടിസ്ഥാന കാരണം സ്റ്റാര്‍ട്ടപ്പ് സംരംഭകരാണ്. ഇവര്‍ക്ക് മികച്ച അവസരമാണ് നിലവിലുള്ളത്.
ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ് രംഗത്ത് പുത്തന്‍ ഉണര്‍വാണ് ഡിജിറ്റല്‍ ഇന്ത്യയിലുള്ളത്. പുതിയ സംരംഭകര്‍ മലബാര്‍ ചേംബറിന്റെ നേതൃത്ത്വത്തില്‍ പദ്ധതി സംബന്ധിച്ച് സെമിനാര്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന ചേംബറിന്റെ അഭ്യര്‍ഥന പരിഗണിക്കാമെന്നും നികുതി വകുപ്പിലേക്ക് നിര്‍ദേശം നല്‍കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ചേംബര്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം.നിത്യാനന്ദ് കാമത്ത്, എം.പി.എം മുബഷീര്‍, ഹോണറി സെക്രട്ടറി എം.എ മെഹബൂബ് എന്നിവര്‍ സംസാരിച്ചു.