ഓണത്തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ തലശ്ശേരിയില്‍ വാഹന പാര്‍ക്കിങ് ക്രമീകരണം

ഓണത്തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ തലശ്ശേരിയില്‍ വാഹന പാര്‍ക്കിങ് ക്രമീകരണം

തലശ്ശേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന തലശ്ശേരിയില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വന്‍ തിരക്ക് നിയന്ത്രിക്കാന്‍ നഗരത്തില്‍ പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ തല ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. സൗജന്യ വാഹന പാര്‍ക്കിങ്ങിനായി തലശ്ശേരി ടൗണ്‍ഹാളിന് സമീപം സര്‍ക്കസ് ഗ്രൗണ്ട്, ലോഗന്‍സ് റോഡില്‍ ഗ്രാന്മ പി.എസ്.സി പരിശീലന കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ട്, പഴയ മുകുന്ദ് ടാക്കീസ് പൊളിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ അടിഭാഗത്തുള്ള പാര്‍ക്കിങ് സ്ഥലം എന്നിവ ഉപയോഗപ്പെടുത്തും. പേ പാര്‍ക്കിങ്ങിനായി ചന്ദ്രവിലാസ് ഹോട്ടലിന് മുന്‍വശത്തുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കും. ഓണ അവധിക്കാലത്ത് ടൗണുകളിലെ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ ഇവിടത്തെ ഗ്രൗണ്ടുകളും പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും.

കൂടാതെ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികള്‍ സന്നദ്ധമായാല്‍ അവരുടെ സ്വന്തം സ്ഥലത്തും പേ പാര്‍ക്കിങ് നടത്താന്‍ അനുവദിക്കും. ഓണത്തോടനുബന്ധിച്ചുള്ള പൂവിന്റെ വില്‍പ്പന ഉള്‍പ്പടെ നടത്തുന്ന തെരുവ് കച്ചവടക്കാര്‍ക്ക് പഴയ ബസ്‌സ്റ്റാന്റ്, സി.സി ഉസ്മാന്‍ റോഡിന്റെ ഇരുവശങ്ങള്‍, ഗുണ്ടര്‍ട്ട് പാര്‍ക്ക് പരിസരം, കലാം സര്‍ക്കിള്‍, പുതിയ ബസ് സ്റ്റാന്റ് സ്റ്റേജ് പരിസരം എന്നിവിടങ്ങളിലാണ് സൗകര്യം അനുവദിക്കുന്നത്. പാര്‍ക്കിങ്ങ് നിരോധിച്ച സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. അത്യാവശ്യഘട്ടങ്ങളില്‍ എന്‍.സി.സി, എസ്.പി.സി.കാഡറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

അനധികൃത പാര്‍ക്കിങ്ങിനെതിരേയും സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ബസ് നിര്‍ത്തി ആളുകളെ കയറ്റുന്നതിനെതിരേയും കര്‍ശന നടപടി സ്വീകരിക്കും. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാ റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി,നഗരസഭ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. ജസ്വന്ത്, തലശേരിസ്റ്റേഷന്‍ ഹൗസ് ഓഫിസര്‍അനില്‍കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോസ്ഥര്‍, ട്രാഫിക്ക് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *