തലശ്ശേരി: എരഞ്ഞോളിയില്‍ അത്തംനാളില്‍ ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. ഗ്രാമപഞ്ചായത്ത് കാളിയില്‍ പുഴയോരം കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ ഓണത്തിന് ‘ഒരുകൊട്ട പൂവ്’ പദ്ധതി പ്രകാരമാണ് കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.കെ.ഷക്കീല്‍, എ.പ്രഭാകരന്‍, എന്‍.ബീഷ, കെ.ഗിരിജ, പി.സുജല എന്നിവര്‍ സംസാരിച്ചു. കാളി പുഴയോരത്ത് പത്ത് സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലിതൈ നട്ടത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരമാണ് തൈകള്‍ ലഭിച്ചത്. എരഞ്ഞോളി കൃഷിഭവന്‍ വഴിയാണ് തൈകള്‍ വിതരണം ചെയ്തത്. മൂന്ന് മാസം കൊണ്ടാണ് വിളവെടുത്തത്. പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവാണ് ലഭിച്ചതെന്ന് കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട് പറഞ്ഞു.