കോഴിക്കോട്: മഹാത്മ അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവും ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ദലിതരും ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ ഇക്കാര്യത്തില്‍ ശരിയായ അവബോധമുണ്ടാവണമെന്നും കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) സംഘടിപ്പിച്ച അയ്യന്‍കാളിയുടെ 150ാമത് ജന്മദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു. അസംഘടിതരായ പട്ടിക വിഭാഗങ്ങളില്‍ സംഘടിത ബോധം വളര്‍ത്തി, അവകാശങ്ങള്‍ യാചിച്ച് വാങ്ങേണ്ടതല്ല പോരാടി നേടുക തന്നെ വേണമെന്ന് പഠിപ്പിച്ച അയ്യന്‍കാളിയുടെ ദര്‍ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഇന്ന് ഏറെ പ്രസക്തിയുണ്ടെന്നും ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍ പറഞ്ഞു.
ഇസ്ലാമിക് യൂത്ത് സെന്റര്‍ ഹാളില്‍ നടന്ന ജന്മദിനാഘോഷ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ടി.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പര്‍ കെ.വി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എം.കെ കണ്ണന്‍, സി.കെ രാമന്‍കുട്ടി, വി.പി.എം ചന്ദ്രന്‍, മഹിളാഫെഡറേഷന്‍ സംസ്ഥാന ജന:സെക്രട്ടറി പി.പി.കമല, സെക്രട്ടറി ഇ.പി.കാര്‍ത്ത്യായനി, യുവജന ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍പൂളേങ്കര, സെക്രട്ടറി നിഷാസുരേഷ്, ശാരദബേപ്പൂര്‍, വി.സി.മാളു, കെ.എം.പത്മിനി , ശ്രീജപെരിങ്ങളം എന്നിവര്‍ പ്രസംഗിച്ചു.