നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട; വധശ്രമക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട; വധശ്രമക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന റാക്കറ്റില്‍പെട്ട മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശത്തുനിന്നും കഞ്ചാവ് കണ്ടെടുത്തത്.

കണ്ണൂര്‍ അമ്പായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കാസര്‍കോട് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ജില്ലാ പോലിസ് മേധാവി എ.അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഡോ. എന്‍.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക ലഹരി വിരുദ്ധ
പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ജില്ലയില്‍ മയക്കുമരുന്നിനെതിരേ ശക്തമായ ഇടപെടലാണ് പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 300 ഗ്രാമോളം എം.ഡി.എം.എയും എക്സ്റ്റസി ടാബ്ലറ്റ്കളും 170 ഓളം എല്‍.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തിന്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ആവശ്യക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവര്‍ ചില്ലറ വില്‍പ്പന നടത്തുന്നത്. ഇവരുടെ വലയില്‍പെട്ട വിദ്യാര്‍ഥികളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പോലീസ് ദിവസങ്ങളായി നീരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു. പിടിയിലായ അജിത് വര്‍ഗീസിന് വധശ്രമം, മയക്കുമരുന്ന്, മോഷണം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവില്‍ ഉണ്ട്. ഇതില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞുവരവേ ആണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുന്നത്.

കോഴിക്കോട് കസബ സബ് ഇന്‍സ്പെക്ടര്‍ എസ്. അഭിഷേകിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സി.പി.ഒ കെ അഖിലേഷ് സി.പി.ഒ മാരായ കാരയില്‍ സുനോജ്, അര്‍ജുന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ സുജിത്ത്, ഷാഫി പറമ്പത്, അനൂജ് , സജേഷ് കുമാര്‍.പി, കസബ സ്റ്റേഷനിലെ എസ്.ഐ രാജീവന്‍, സീനിയര്‍ സി.പി.ഒ രതീഷ് പി.എം, സി.പി.ഒ ബിനീഷ് ഡ്രൈവര്‍ സി.പി.ഒ വിഷ്ണുപ്രഭ എന്നിവരും പങ്കാളികളായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *