കോഴിക്കോട്: ആതുര സേവന-ജീവകാരുണ്യ- സാമൂഹിക- സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സീനിയര്‍ ഡോക്ടര്‍ പ്രൊഫസര്‍ എം. തോമസ് മാത്യുവിനെ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. തിരുവനന്തപുരം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൊന്നാട അണിയിച്ച് ഉപഹാരവും പ്രശസ്തി പത്രവും നല്കി. തുടര്‍ന്ന് ഡോക്ടര്‍ തോമസ് മാത്യുവിനും ഭാര്യ എലിസബത്ത് മാത്യുവിനും ഗവര്‍ണര്‍ ഓണക്കോടി സമ്മാനിച്ചു.
കര്‍മനിരതനായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടറെ ആദരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി ഡോക്ടറെ ചടങ്ങില്‍ പരിചയപ്പെടുത്തി. ഡോക്ടര്‍ തോമസ് മാത്യു പ്രതിസ്പന്ദം നടത്തി.
കേരളത്തിലെ ആദ്യത്തെ നെഫ്രോളജിസ്റ്റ് ആണ് ഡോക്ടര്‍ തോമസ് മാത്യു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ സമ്പൂര്‍ണ ഓപ്പറേഷണല്‍ നെഫ്രോളജി ആന്‍ഡ് ഡയാലിസിസ്, ട്രാന്‍സ്പ്ലന്റേഷന്‍ സെന്ററും ആദ്യത്തെ ഇന്‍സെന്റീവ് കെയര്‍ സെന്ററും ആദ്യത്തെ കെയര്‍ സെന്റര്‍ ഫോര്‍ സ്നേക്ക് പോയിസണിങ് കേസസ് ഇന്‍ ഇന്ത്യ സംവിധാനവും സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.