തലശ്ശേരി: ക്ഷേത്രങ്ങൾ ആരാധനയ്ക്കുമപ്പുറം സർവ്വകലകളുടേയും പ്രഭവകേന്ദ്രങ്ങളാണെന്നും, മനുഷ്യ മനസ്സിനെ വിമലീകരിക്കാൻ കലകൾക്ക് കഴിയുമെന്നും, ക്ഷേത്രങ്ങൾ കലാക്ഷേത്രങ്ങൾ കൂടിയായി മാറണമെന്നാണ് ഗുരു ആഗ്രഹിച്ചിരുന്നതെന്നും വിഖ്യാത ചിത്രകാരൻ എബി എൻ ജോസഫ് അഭിപ്രായപ്പെട്ടു. ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ചതയദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദയുടെ പോട്രൈറ്റ് നൈമിഷിക രചനയിലൂടെ ക്യാൻവാസിൽ വരച്ചാണ് എബി എൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി.ഡയറക്ടർ ഇ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, ജനറൽ കൺവീനർ സജീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
അഞ്ച് വിഭാഗങ്ങളായാണ് ചിത്രരചനാ മത്സരം നടന്നത്.എൽ.പി.തലം തൊട്ട് കലാശാലകൾ വരെ ക്വിസ് മത്സരവും,എൽ.പി.വിഭാഗം തൊട്ട് കലാശാല വിഭാഗം വരെ ആസ്വാദനക്കുറിപ്പ് മത്സരവും, ഗുരുദേവ കൃതികളെ ആധാരമാക്കി പദ്യം ചൊല്ലൽ മത്സരവും, പ്രസംഗ മത്സരവുമുണ്ടായി. അഞ്ഞൂറിലേറെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. സപ്തമ്പർ 4ന് അങ്കണവാടി / പ്രീ പ്രൈമറി (സ്വീറ്റ് ഗേതറിങ്ങ് ) എൽ.പി ( മെമ്മറി ടെസ്റ്റ് ) യു.പി.( വാട്ടർ ബാലൻസ്) ഹൈസ്‌കൂൾ ( ഫില്ലിങ്ങ് ബോട്ടിൽ ) ‘എച്ച്.എസ്.എസ് / കോളജ് (ഡോക്യുമെന്ററി-രണ്ട് മിനുട് ദൈർഘ്യം ) എന്നി മത്സരങ്ങൾ നടക്കും.സപ്തമ്പർ 10 ന് ജഗന്നാഥ ക്ഷേത്രസന്നിധിയിൽ നടക്കുന്ന സംസ്‌ക്കാരിക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് പ്രസിഡണ്ട് കെ.സത്യൻ അറിയിച്ചു.