ഫര്‍ദീസ് എ.വി
കോഴിക്കോട്: ഓണ പൂക്കളത്തിനായി ചെട്ടിക്കും വാടാർ മല്ലിക്കുമെല്ലാമായി അയൽ സംസ്ഥാനത്തു നിന്നുള്ള പൂലോറിക്കായി മലയാളി കാത്തു നില്ക്കുന്നത് പഴങ്കഥയാകുകയാണ്. ഗുണ്ടൽ പേട്ടിൽ നിന്നും തെങ്കാശിയിൽ നിന്നുമെല്ലാമുള്ള പൂക്കൾക്ക് പകരം നമ്മുടെ സ്വന്തം ദേശത്ത് ഇവ വിരിയിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം തൊഴിലുറപ്പ് തൊലാളികൾ. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ പൂക്കൃഷിയിൽ ചെട്ടിയും വാടാർമല്ലിയുമെല്ലാം വിളവെടുപ്പിനൊരുങ്ങി കഴിഞ്ഞ തായി കർഷകർ പറയുന്നു. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പൂക്കൾ പറിച്ചു തുടങ്ങും. ഇതുവരെ എട്ട് കിലോ പൂക്കൾ പറിച്ചു വിൽപ്പന നടത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശു രഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് പെരുമണ്ണ പഞ്ചായത്തിലെ 11 വാർഡിലെ ഒരേക്കറിൽ പൂക്കൃഷിയൊരുക്കിയത്. 15 തൊഴിലുറപ്പ് തൊഴിലാളികൾ ലത എടോളി പറമ്പിന്റെ നേതൃത്വത്തിൽ ആയിരം രൂപ വീതമെടുത്താണ് കഴിഞ്ഞ മെയ് മാസത്തിൽ കൃഷിക്ക് തുടക്കം കുറിച്ചത്. 12 സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. പദ്ധതിയിലെ തൊഴിൽ സമയവും തെഴിൽ ദിനങ്ങളായി പരിഗണിച്ചാണ് കൃഷിയുടെ പരിപാലനം ഇവർ നടപ്പാക്കിയത്.
മുൻപ് കക്കിരി, മല്ലി ചെപ്പ്, തക്കാളി, പച്ചമുളക്, വെണ്ടക്ക എന്നിവ കൃഷി ചെയ്തിരുന്നു. ഇനിയൊന്നു മാറ്റി പിടി ച്ചു കൂടേയെന്ന വാർഡ് മെമ്പറുടെ ചോദ്യമാണ് തൊഴിലാളികളെയും പൂകൃഷി എന്ന നൂതന ആശയത്തിലേക്കെത്തിച്ചത്. ബാംഗളൂരുവിൽ നിന്നെത്തിച്ച ഹൈബ്രീഡ് വിത്ത് മുളപ്പിച്ച് നാലായിരത്തോളം തൈകളാക്കിയാണ്. നട്ടുപിടിപ്പിച്ചത്. ഒരു തൈക്ക് മൂന്നര രൂപയാണ് വില നല്കിയത്.
പദ്ധതിക്ക് നേതൃത്വം നൽകിയ പെരുമണ്ണ പഞ്ചായത്ത്സ്ഥിരം സമിതി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ ഏ എം പ്രതീഷ് മുൻപ് ഇതേ പോലെ നെല്ലും മീനും പദ്ധതി നടപ്പിലാക്കി സംസ്ഥാന സർക്കാരിന്റെയടക്കം പുരസ്‌ക്കാരം പഞ്ചായത്തിലേക്ക് കൊണ്ടുവന്ന ജനപ്രതിനിധിയാണ്. പൂക്കൾ പൊതുവിപണിയിലേക്കാൾ വില കുറച്ച് വില്പന നടത്തി സാധാരണക്കാർക്ക് അത്ത പൂക്കളം ഒരുക്കാൻ പൂക്കൾ മിതമായ വിലക്ക് ലഭിക്കുന്ന സാഹചര്യമൊരുക്കുകയെന്നതാണ് ഈ തൊഴിലാളികളുടെയും പഞ്ചായത്തിന്റെയും ലക്ഷ്യമെന്ന് നിലവിൽ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പ്രതീഷ് പറഞ്ഞു. പൂക്കൾ പൊതു വിപണിയിൽ വിൽപ്പന നടത്തുമെങ്കിലും ഇതിനോടകം നിരവധി പേർ മുൻകൂട്ടി ബുക്ക് ചെ യ്തിട്ടുണ്ട്. ശേ ഷമുള്ളവ മാത്രം വില്പന നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതലിടങ്ങളിലേക്ക് ഈ കൃഷി വ്യാപിക്കാനാണ് തീരുമാനമെന്നും പൂക്കൃഷിയെ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.