കോഴിക്കോട്: വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് എ.ഡി. എം സി.മുഹമ്മദ് റഫീഖ്. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ റെയ്ഡുകളും വാഹന പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വകുപ്പിന് ലഭിക്കുന്ന എല്ലാ പരാതികളിന്മേലും സത്വര നടപടികള്‍ സ്വീകരിക്കും. കോളനികളും സ്‌കൂള്‍ പരിസരങ്ങളും സ്ഥിരമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. എക്‌സൈസ്-പോലിസ്-ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി റെയ്ഡുകള്‍ സംഘടിപ്പിക്കും. അതിര്‍ത്തി പ്രദേശങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പട്രോളിങ് ശക്തമാക്കുകയും ഡോഗ് സ്‌ക്വാഡ് ഉപയോഗിച്ച് വാഹന പരിശോധന നടത്തുകയും ചെയ്യും. വിദ്യാര്‍ഥികളില്‍ മദ്യ, മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മൂന്ന് മേഖലകളിലായി സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ചുകളില്‍ രഹസ്യവിവരം ശേഖരിക്കുന്നതിനായി ഇന്റലിജന്‍സ് ടീമും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിവരുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് ലഹരി മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി നിരന്തരം പരിശോധനകളും നടത്തി വരുന്നുണ്ട്.
യോഗത്തില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി സുധ, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അബു എബ്രഹാം, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം. സുഗുണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീജിത്ത്, നാര്‍ക്കോട്ടിക്‌സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് (സിറ്റി) പ്രകാശന്‍ പടന്നയില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ജനകീയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.